കൂള്‍ബാറിന്റെ മറവില്‍ അനധികൃതമായി ഷീഷ കഫെ നടത്തിയ സംഭവത്തില്‍ നടപടിയുമായി പോലീസ്. ഏഴുപേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വിദ്യാര്‍ഥികളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും വിദ്യാര്‍ഥികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. പെണ്‍കുട്ടികളും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. പോലീസിന്റെ കണ്‍മുന്നില്‍ ഇത്രയും വലിയ നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടും നടപടി എടുക്കാന്‍ എന്തുകൊണ്ട് വൈകിയെന്ന് ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്.അതേസമയം അനധികൃതമായി നടത്തിയ കൂള്‍ബാര്‍ കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം അടപ്പിച്ചിട്ടുണ്ട്. ഇത്രയും കാലം ഈ കഫേ പ്രവര്‍ത്തിച്ചിട്ടും ഇവിടെ ഒരിക്കല്‍ പോലും പരിശോധന നടത്താതിരുന്നതെന്ത് കൊണ്ടാണെന്ന് ആരോഗ്യ വിഭാഗത്തിനോട് കോര്‍പ്പറേഷന്‍ അധികൃതര്‍ ചോദിച്ചിട്ടുണ്ട്. വിശദീകരണവും തേടിയിട്ടുണ്ട്.ഹുക്ക ലുംഗെ അഥവാ ഷീഷ ബാര്‍ എന്നാണ് ഇവ വിദേശത്ത് അറിയപ്പെടുന്നത്. അറബ് വംശജരാണ് ഇത് പ്രശസ്തമാക്കിയത്. പുകയില ഉല്‍പ്പന്നങ്ങള്‍ ഹുക്കയ്ക്കകത്ത് നിറച്ച് അത് കുഴലിലൂടെ വലിക്കുന്നതിനെയാണ് ഷീഷ എന്ന് വിളിക്കുന്നത്. ഇത് നടത്തുന്ന കേന്ദ്രത്തെ ഷീഷ കഫെ എന്ന് വിളിക്കുന്നു.